ബെല്ലാരി: കർണാടകയിലെ ബെ ല്ലാരിയിൽ വാല്മീകിപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു.
ബിജെപി എംഎൽഎ ജനാർദന റെഡ്ഡിയുടെയും കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഢിയുടെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ജനാർദ്ദന റെഡ്ഢി, മുൻ മന്ത്രി ശ്രീരാമുലു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
ഹവഭാവിയിൽ ജനാർദന റെഡ്ഢിയുടെ വീടിനു മുന്നിൽ വാല്മീകിപ്രതിമ അനാഛാദനത്തിന്റെ ഫ്ലക്സ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജനാർദന റെഡ്ഢിയുടെയും ശ്രീരാമുലുവിന്റെയും അനുയായികളും ഭരത് റെഡ്ഢിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു.
ഇതിനിടെ വെടിയേറ്റാണ് കോൺഗ്രസ് പ്രവർത്തകൻ രാജശേഖർ റെഡ്ഢി കൊല്ലപ്പെട്ടത്. ഒരാൾ ആകാശത്തേക്കു വെടിയുതിർത്തത് അബദ്ധത്തിൽ രാജശേഖര റെഡ്ഢിക്ക് ഏൽക്കുകയായിരുന്നു.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസും ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പോലീസിന്റെ വെടിയേറ്റല്ല രാജശേഖർ കൊല്ലപ്പെട്ടതെന്ന് എസ്പി രഞ്ജിത് കുമാർ ബന്ദാരു പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ച് തോക്കുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെല്ലാരിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കിയെന്നും പോലീസ് അറിയിച്ചു.